2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

ഒരു ഗോവന്‍ യാത്ര

 നീണ്ട മൂന്നു വര്‍ഷത്തെ അതി വിപുലമായ പ്ലാനിംഗ്-ഇന് ശേഷം കഴിഞ്ഞ ആഴ്ച ആ ആഗ്രഹം സഫലമായി. ഈ യാത്രയില്‍ പങ്കെടുത്തവരുടെ അഭ്യര്‍ത്ഥന മാനിച്ചു യഥാര്‍ത്ഥ പേരുകള്‍ തല്കാലത്തേക്ക് മറച്ചു വെക്കുന്നു. ആദ്യമായി പങ്കെടുത്തവരെ പരിചയപ്പെടാം.
ഒന്നാമന്‍ - ഈ ഞാന്‍ തന്നെ. കോളേജ് ടൈമില്‍ ഗോവയില്‍ പോയി പരിചയം ഉള്ള ആള്‍. പക്ഷെ ആധികാരികമായ വിവരണം കേട്ടാല്‍ എല്ലാ ആഴ്ചയും ഗോവയില്‍ പോയ പരിചയം ഉണ്ടെന്നു തെറ്റിദ്ധരിക്കാം.
രണ്ടാമന്‍ - മലപ്പുറം ഇക്ക. ഒരു കുട്ടിയുണ്ടായിട്ടും മനസ്സില്‍ ചെറുപ്പം കാത്തു സൂക്ഷിക്കുന്ന ഒരു വിദ്യാസമ്പന്നന്‍.
മൂന്നാമന്‍ - ഞങ്ങളുടെ ഒക്കെ ടിന്റുമോന്‍. ടിന്റുമോന്റെ മുന്ജമ്മ സുകൃതം കൊണ്ടോ അതോ സോനമോളുടെ മുന്ജമ്മ പാപം കൊണ്ടോ, ടിന്റുമോനും സോനമോളും തമ്മിലുള്ള കല്യാണം ഏതാനും മാസം മുമ്പ് ഉറപ്പിച്ചു.
നാലാമന്‍ - യോയോമോന്‍. ബാംഗ്ലൂര്‍ ജീവിതം മടുത്തു കൊച്ചിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കുന്നു. പട്ടികളാണ് മൂപ്പരുടെ മെയിന്‍ ഹോബി.
അഞ്ചാമന്‍ - ജിമ്മി. യോയോമോന്റെ അനിയച്ചാര്‍. ഒരു കിടിലന്‍ ബോഡി-യുടെ ഉടമ.
ആദ്യാവസാന താരം - മഴ.
    ഒന്നാം ഘട്ടം - തയ്യാറെടുപ്പ്.
        ഈ ഘട്ടം പൂര്‍ണമായും യോയോമോനും ടിന്റുമോനും ഏറ്റെടുത്തു. ഏറ്റെടുത്തു എന്ന് പറഞ്ഞാല്‍ പൂര്‍ണമായും ശരിയാവില്ല, ഞങ്ങള്‍ ബാക്കിയുള്ളവര്‍ അടിച്ചേല്‍പ്പിച്ചു എന്നതാണ് ശരി. കേരളത്തിലെ ഏതേലും ഗവണ്മെന്റ് പദ്ദതിയുടെ തറക്കല്‍ ഇടല്‍ പോലെ ഈ പരിപാടിയും മൂന്നു വര്ഷം മുമ്പ് നടന്നു. എല്ലാ വര്‍ഷവും പോവേണ്ട സ്ഥലവും സമയവും ഫിക്സ് ചെയ്യുക, പിന്നെ അത് നടക്കാതെ പോവുക. ഇതായിരിന്നു സ്ഥിരം കലാ പരിപാടി. എന്തായാലും ഇപ്രാവശ്യം മഴ നന്നായി പെയ്യുന്ന ജൂണ്‍ മാസത്തില്‍ തന്നെ ഈ വിനോദയാത്ര സംഘടിപ്പിക്കുവാന്‍ യോയോമോനും ടിന്റുമോനും സാധിച്ചു. അങ്ങനെ അവര്‍ രണ്ടു പേരും കൂടെ യാത്രക്കുള്ള ടിക്കറ്റ്‌-ഉം ഗോവയില്‍ സ്റ്റേ ചെയ്യാനുള്ള സ്ഥലവും കണ്ടു പിടിച്ചു. ടിന്റുമോന്റെ ബുദ്ധിപരമായ തീരുമാനത്തിന്റെ പുറത്തു സ്റ്റേ ബുക്ക്‌ ചെയ്തില്ല. ഓഫ്‌ സീസണ്‍ ആണല്ലോ എന്നതായിരിന്നു ടിന്റുമോന്റെ വാദം. അങ്ങനെ എല്ലാ പണിയും സ്കിപ് ചെയ്തു ഒരു വെള്ളിയാഴ്ച വൈകുന്നേരം ബാംഗ്ലൂര്‍-രില്‍ നിന്നും കര്‍ണാടക സര്‍കാരിന്റെ വോള്‍വോ ബസ്‌-ഇല്‍ ഞങ്ങള്‍ യാത്ര തുടങ്ങി. യാത്രയില്‍ ഉടനീളം മലപ്പുറം ഇക്കയുടെ പുതിയ സോണി വീഡിയോ ക്യാമറയും, വേറെ രണ്ടു ഡിജിറ്റല്‍ ക്യാമറയും ഇടതടവില്ലാതെ ഉപയോഗിച്ച് കൊണ്ടിരിന്നു. ടിന്റുമോന്റെ റിസര്‍ച്ച് പ്രകാരം പതിമൂന്നു മണിക്കൂര്‍ ആയിരിന്നു യാത്ര സമയം. പക്ഷെ ഏതാണ്ട് മൂന്നു മൂന്നര മണിക്കൂര്‍ എടുത്തു ബാംഗ്ലൂര്‍ സിറ്റി വിടാന്‍. ട്രാഫിക്‌ ജാം ആയിരിന്നു വില്ലന്‍.
      ഒന്നാം ദിവസം - ഗോവയുടെ വിരിമാറില്‍
           രാവിലെ ആറു മണി ആയപ്പോളെക്കും എല്ലാവരും ഉണര്‍ന്നു. ചന്നം പിന്നം പെയ്യുന്ന മഴ ഞങ്ങളെയും കാത്തു നില്‍കുന്ന കാര്യം ഒരു പുളകത്തോടെ കണ്ടറിഞ്ഞു. എന്തായാലും ഒരു മഴയും ഞങ്ങളുടെ സ്പിരിറ്റ്‌ നശിപ്പികില്ല എന്ന ഉറപ്പോടെ പനാജി ബസ്‌ സ്റ്റാന്റ്-ഇല്‍ ഞങ്ങള്‍ ഇറങ്ങി. ഞങ്ങള്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്ന റിസോര്‍ട്ട് അവിടെ നിന്ന് കുറച്ചു ദൂരത്തില്‍ ആണ് എന്ന് ഞങ്ങള്‍ക്ക് അറിയാമായിരിന്നു. ഗോവയില്‍ ചെന്നിറങ്ങുമ്പോള്‍ ധാരാളം ഗൈഡുകള്‍  ശല്യം ചെയ്യും എന്ന മുന്നറിയിപ്പുകള്‍ ഉണ്ടായിരിന്നത് കൊണ്ട് ആരോ ഞങ്ങളെ സ്വീകരിക്കാന്‍ വരും എന്ന ഭാവേന ആണ് ഞങ്ങള്‍ ഇറങ്ങി നിന്നത്. പക്ഷെ ഗൈഡുകള്‍ പോയിട്ട് ഒരു മനുഷ്യെനേം ഞങ്ങള്‍ അവിടെ കണ്ടില്ല. ആകെക്കൂടെ ഒരു കേരള ഹര്‍ത്താല്‍ പ്രതീതി. ഗോവയില്‍ ഓഫ്‌ സീസണ്‍ എന്ന് പറഞ്ഞാല്‍ സീസന്റെ  മെയിന്‍ സ്വിച്ച് കൂടെ ഓഫ്‌ ചെയ്യും എന്ന അറിവ് ഞങ്ങള്‍ക്ക് പുതിയതായിരിന്നു. ടിന്റുമോനാകട്ടെ സ്റ്റേ ബുക്ക്‌ ചെയ്യാതിരുന്ന ബുദ്ധിയെ ഓര്‍ത്തു ഉള്‍പ്പുളകം കോണ്ടു.
       ഇനി എന്ത് ചെയ്യും എന്നറിയാതെ നിന്ന ഞങ്ങളുടെ മുമ്പിലേക്ക് ഒരു ടാക്സി ഡ്രൈവര്‍-യുടെ വേഷത്തില്‍ രക്ഷകന്‍ എത്തി. പുള്ളിക്കാരന്‍ ഹിന്ദിയില്‍ ഞങ്ങളോട് ചോദിച്ചു.
    "കഹാ ജാനേ ഹേ?" ( എവിടെ പോകണം എന്ന് മലയാളത്തില്‍)
പ്രിന്റ്‌ ഔട്ട്‌ കാണിച്ചു കോണ്ടു നമ്മുടെ ഇക്ക പറഞ്ഞു.
   "യഹാ ജാനാ ഹേ"
ഞങ്ങളുടെ കൂട്ടത്തില്‍ ഹിന്ദി വിദ്വാന്‍ ആണ് നമ്മുടെ ഇക്ക. ആ ആത്മ വിശ്വാസത്തില്‍ അടുത്ത ചോദ്യം.
   " കിതനാ ദൂര്‍ ഹേ യഹാ സെ?" ( എത്ര ദൂരം ഉണ്ട് എന്നാണ് ഉദ്ദേശിച്ചത്)
ഡ്രൈവര്‍
     "ബീസ് കിലോമീറ്റര്‍ " ( ഇരുപതു കിലോമീറ്റര്‍)
ഹിന്ദി എന്നത് നമ്മുടെ രാഷ്ട്രഭാഷ ആണെന്ന് മാത്രം അറിയാവുന്ന ടിന്റുമോന്‍ പൊടുന്നനെ മറുപടി പറഞ്ഞു.
     "നോ.. നോ.. ഫിഫ്ടി കിലോമീറ്റര്‍ നഹി.." ( അമ്പതു കിലോമീറ്റര്‍ ഇല്ല എന്ന്)
നമ്മുടെ ഡ്രൈവര്‍ ഞങ്ങളെ ആകമാനം ഒന്ന് നോക്കി. ഇവന്മാര്‍ എവിടെ നിന്ന് തുടലും പൊട്ടിച്ചു ഇറങ്ങി എന്ന ആ ഭാവം കണ്ടില്ല എന്ന് നടിച്ചു ഞങ്ങള്‍ 250 രൂപയ്ക്കു റിസോര്‍ട്ട് -ലേക്ക് യാത്ര തുടങ്ങി. യാത്ര മദ്ധ്യേ നമ്മുടെ ഇക്ക ഡ്രൈവര്‍-ഓടു ഹിന്ദിയില്‍ കാര്യങ്ങളൊക്കെ ചോദിച്ചു അറിഞ്ഞു കൊണ്ടിരിന്നു. ഇക്ക ആകട്ടെ പുള്ളിക്കാരന്റെ ഹിന്ദിയിലെ പ്രവീണ്യം ഞങ്ങളുടെ മുമ്പില്‍ കാണിക്കാന്‍ കിട്ടിയ അവസരം ശരിക്കും മുതലാക്കി. ഹിന്ദിയില്‍ ജനിച്ചു ഹിന്ദിയില്‍ വളര്‍ന്ന ഇക്കയോടെ ഡ്രൈവര്‍ തിരിച്ചു ചോദിച്ചു.
     "ആപ് കാ കഹാ സെ ആയാ" ( നിങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന്)
ഇക്ക മറുപടി പറഞ്ഞു. അത് നല്ല ഹിന്ദിയില്‍
    "ഹം ബാംഗ്ലൂര്‍ സീ യാ ഹും" ( ബാംഗ്ലൂര്‍ നിന്നും)
ഡ്രൈവര്‍ വളരെ ഉറപ്പിച്ചു പറഞ്ഞു.
    "നഹി അപ് കേരള സെ ആയാ"
ഇക്കയുടെ ഹിന്ദി മാത്രം കേട്ടിട്ട് കേരളത്തില്‍ നിന്നും ആണെന്ന് ഡ്രൈവര്‍ പറഞ്ഞതോടെ ഇക്കയുടെ സകല ജാടയും പോയി.
കുറച്ചു കൂടെ ഹിന്ദി പറഞ്ഞിരിന്നെങ്കില്‍ സ്വന്തം നാട് മലപ്പുറം ആണെന്ന് വരെ പുള്ളിക്കാരന്‍ പറഞ്ഞെനേം എന്ന് ഞങ്ങള്ക് മനസ്സിലായി.
     ഈ ഭാഷയുടെ കാര്യം പറഞ്ഞപ്പോഴാ പഴയ ഒരു ടെലിഫോണ്‍ ഇന്റര്‍വ്യൂ-വിന്റെ കാര്യം ഓര്‍മ്മ വന്നത്. കഥയിലെ താരം നമ്മുടെ ടിന്റുമോന്‍ ആണ്. ആളു നല്ല വിവരം ഉള്ള കക്ഷിയാണ്. ഒരു ദിവസം പുള്ളിക്കാരന് ഹൈടെരാബാദ്- ഇല്‍ നിന്നും ഒരു ടെലെഫോനിക് ഇന്റര്‍വ്യൂ ഉണ്ടായിരിന്നു. ഏകദേശം അര മണിക്കൂര്‍ ഇംഗ്ലീഷ്-ഇല്‍ ഇന്റര്‍വ്യൂ  നല്ല തകൃതിയായി നടന്നു. അവസാനം ടെലിഫോണ്‍ വെക്കാന്‍ നേരം ഇന്റര്‍വ്യൂ എടുത്ത ആള്‍ ടിന്റുമോനോടൊരു ചോദ്യം.
" തൃശ്ശൂരില്‍ എവിടെയാ വീട്?"
              ഇങ്ങനെ എല്ലാവര്ക്കും പറ്റിയ ഓരോ അമളികളും പറഞ്ഞു ഞങ്ങള്‍ ടിന്റുമോനും യോയോമോനും കണ്ടു വച്ച ബീച്ച് റിസോര്‍ട്ട്-ഇല്‍ എത്തിച്ചേര്‍ന്നു. ഓഫ്‌ സീസണ്‍ ആയതുകൊണ്ട് എന്തായാലും റൂം ഉണ്ടാവും എന്നുള്ള ടിന്റുമോന്റെ ആത്മവിശ്വാസം കണക്കില്‍ എടുക്കാതെ ഇക്ക റിസപ്ഷനില്‍ പോയി റൂം ഉണ്ടോ എന്ന് അന്യേഷിച്ചു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഞങ്ങള്‍ മനസ്സിലാകിയത്. സീസണ്‍ ഓഫ്‌ ആയി കിടക്കുന്ന ആ സമയത്തും ഞങ്ങളെപോലെ ഗോവ കാണാന്‍ വന്ന മിടുക്കന്മാര്‍ എല്ലാവരും കൂടെ ആ റിസോര്‍ട്ട് മുഴുവന്‍ നേരത്തെ തന്നെ ബുക്ക്‌ ചെയ്തിരിന്നു. പെരുവഴിയില്‍ മഴയും കോണ്ടു നിന്ന ഞങ്ങളെ അവിടെ എത്തിച്ച ഡ്രൈവര്‍-ഉം കൈ ഒഴിഞ്ഞു. ബാഗ്‌-കല്‍ എല്ലാം എടുത്ത പുറത്തു വച്ച് തന്ന ശേഷം പറഞ്ഞ കാശും മേടിച്ചു കക്ഷി സ്ഥലം കാലിയാക്കി. അങ്ങനെ ടിന്റുമോന്റെ ബുദ്ധിപരമായ നീക്കം ഞങ്ങളെ പെരുവഴിയില്‍ പെരുമഴയില്‍ ആക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
                 റിസോര്‍ട്ട്-ഇന് പുറത്തു ഞങ്ങളെ പോലെയുള്ള മണ്ടന്മാരെയും കത്ത് ധാരാളം ടാക്സി- കല്‍ ഉണ്ടായിരിന്നു. അവര്‍ വന്നു ഞങ്ങളോടെ സഹായം വല്ലതും വേണോ എന്ന് ചോദിച്ചു . നമ്മള്‍ വിട്ടു കൊടുക്കുമോ? ഏയ് ജനിച്ചപ്പോള്‍  മുതല്‍ ഗോവ പരിചയം ഉള്ള ഞങ്ങള്ക് നിങ്ങടെയൊക്കെ സഹായം എന്ന്തിനാ മാഷേ. യോയോമോന്‍ എല്ലാം ഇപ്പം ശരിയാക്കി തരാം എന്ന ഭാവേന മൊബൈല്‍ എടുത്തു കുത്തി, അവന്റെ ഓഫീസി-ഇലെ ചങ്ങാതിയെ വിളിച്ചു. ചങ്ങാതി അവന്റെ കൂട്ടുകാരനെ വിളിച്ചു. ആ കൂട്ടുകാരന്‍ മറ്റാരെയോക്കെയോ വിളിച്ചു. അങ്ങനെ അര മണിക്കൂറോളം ഫോണ്‍ വിളിച്ചു കാശ് കളഞ്ഞ ശേഷം ഞങ്ങള്ക് കാര്യത്തിന്റെ ഏകദേശ കിടപ്പ് മനസ്സിലായി. മിക്കവാറും ബസ്‌ സ്റ്റാന്റ്-ഇല്‍ തന്നെ കിടക്കേണ്ടി വരും എന്ന സത്യം.
              പക്ഷെ ചന്തുമാര്‍ തോക്കില്ല മക്കളെ, തോക്കില്ല (തെറ്റിദ്ധരിക്കേണ്ട, ഒരു വടക്കന്‍ വീരഗാഥയിലെ മമ്മൂട്ടിയുടെ തോക്ക് ). അങ്ങനെ ഞങ്ങള്‍ പുറത്തു കാത്തു നിന്ന ടാക്സി-ക്കാരുടെ കാലുകളില്‍ വീണു കുറച്ചു മുമ്പ് കാണിച്ച അഹഭാവത്തിനു ക്ഷമ ചോദിച്ചു , താമസിക്കാന്‍ ഒരു മുറി വേണം എന്ന് പറഞ്ഞു. അതില്‍ വിക്കി എന്ന് പറഞ്ഞ ഡ്രൈവര്‍-ക്ക് ആണ് ഞങ്ങളെ സഹായിക്കാനുള്ള മഹാഭാഗ്യം ലഭിച്ചത്.
       കക്ഷി ഞങ്ങളോട് ചോദിച്ചു. എല്ലാം ഹിന്ദിയില്‍ ആണ്. വായിക്കുന്നവരുടെ സൌകര്യത്തിനു വേണ്ടി മലയാളത്തില്‍ എഴുതുന്നു എന്ന് മാത്രം.
"മഹാനുഭാവന്മാരെ , നിങ്ങള്ക് എങ്ങനെയുള്ള താമസ സൗകര്യം ആണ് വേണ്ടത്?"
   ഓരോരുത്തരായി ആവശ്യങ്ങള്‍ അറിയിച്ചു. സ്വിമ്മിംഗ് പൂള്‍, എസി, ഫ്രിഡ്ജ്‌, ബെല്‍ അടിക്കുമ്പോള്‍ പരിചരിക്കാന്‍ പരിചാരക വൃന്ദം. എല്ലാം കൂടെ ഒരു ഇരുനൂറ്റമ്പത് രൂപ ഞങ്ങള്‍ മുടക്കാന്‍ റെഡി ആണ് . ഇത് കേട്ടതോടെ വിക്കി ആകെ മൊത്തം ഞങ്ങളെ ഒന്ന് നോക്കി.
     എന്തായാലും പുള്ളിക്കാരന്‍ ഞങ്ങളെ ഒരു ഹോട്ടല്‍-ഇല്‍ എത്തിച്ചു. മുമ്പേ അബദ്ധം പറ്റിയത് കോണ്ടു ഇപ്പ്രാവശ്യം ഞങ്ങളുടെ ബാഗ്‌-കല്‍ ഒന്നും വണ്ടിയില്‍ നിന്നും എടുക്കാതെ ഞാനും ഇക്കയും കൂടെ, ഹോട്ടല്‍ രിസപ്ഷനിലില്‍ കാര്യങ്ങളൊക്കെ അന്യേഷിക്കാന്‍ പോയി. കുറച്ചു  വെള്ളം കെട്ടി നിക്കുന്നതിനു മുകളിലൂടെ ചാടി കടന്നു രിസപ്ഷനിലില്‍ ഞങ്ങള്‍ എത്തി. എന്നിട്ട്  ഞങ്ങള്‍ റിസപ്ഷനില്‍ നിന്ന പയ്യനോട് സൌകര്യങ്ങളൊക്കെ കാണിച്ചു തരാന്‍ പറഞ്ഞു. പയ്യന്‍ ആദ്യം സ്വിമ്മിംഗ് പൂള്‍ ആണ് കാണിച്ചു തന്നത്. കുറച്ചു മുമ്പേ ഞങ്ങള്‍ ചാടികടന്ന വെള്ളം ആണുപോലും അവിടത്തെ സ്വിമ്മിംഗ് പൂള്‍. ഇതുകെട്ടതോടെ തോമസുകുട്ടി വിട്ടോടാ എന്ന് പറഞ്ഞു ഞങ്ങള്‍ അവിടം കാലിയാകി.
          വിക്കിയോട് കാര്യം പറഞ്ഞു. ഞങ്ങളെ കണ്ടാല്‍ ഒരു ലുക്ക്‌ ഇല്ല എന്നെ ഉള്ളൂ. സ്റ്റാര്‍ ഹോട്ടല്‍-ഇലെ സൌകര്യങ്ങള്‍ ഒക്കെയാണ് ഞങ്ങള്ക് ശീലം. അങ്ങനെ വികി ഞങ്ങളെ Camelton റിസോര്‍ട്ട്-ഇല്‍ എത്തിച്ചു. കുറച്ചു വിലപേശലിനു ശേഷം അവിടെ മുന്തിയ രണ്ടു റൂം-കല്‍ ഞങ്ങള്‍ എടുത്തു. മുന്തിയ റൂം-കല്‍ എന്ന് പറഞ്ഞാല്‍ സീസണ്‍-ഇല്‍ ഏകദേശം എണ്ണായിരം രൂപ വരെ വാടക കിട്ടുന്ന റൂം-കല്‍. ഫ്രീ ബ്രീക്ഫസ്റ്റ്‌ ആയിരിന്നു വേറൊരു ആകര്‍ഷക ഘടകം. റൂം എടുത്ത കൂടെത്തന്നെ മൂന്നു ദിവസക്കുള്ള വണ്ടിയും എടുക്കാന്‍ ഹോട്ടല്‍-കാര് സഹായിക്കാം എന്ന് പറഞ്ഞു. അങ്ങനെ അവര്‍ കഥാനായകന്‍ സന്ദീപ്‌-ഇനെ വിളിച്ചു. നിമിഷങ്ങല്‍ക്കം സന്ദീപ്‌ അവിടെയെത്തി . "മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു" എന്ന സിനിമ-യിലെ ശ്രീനിവാസന്റെ ലുക്ക്‌ ഉള്ള ഒരു കക്ഷി.
       "വാട്ട്‌ കാന്‍ ഐ ഡു ഫോര്‍ യു സര്‍?, ഐ ഹാവ് ഓള്‍ ടൈപ്പ്-സ് ഓഫ് വെഹിക്ലെസ്"
പുള്ളിക്കാരന്റെ നമ്പര്‍ കണ്ടിട്ട് ഇക്കയ്ക്ക് സഹിച്ചില്ല. ഇക്ക പറഞ്ഞു.
      " വീ നീഡ്‌ ത്രീ harley davidson"
എന്തായാലും harley davidson ഒന്നും പുള്ളിക്കാരന്റെ കയ്യില്‍ ഉണ്ടാവില്ല എന്നുള്ള ഉറപ്പിലാണ് ഇക്ക ചോദിച്ചത്. .ശ്രീനിവാസന്‍ മറുപടി പറഞ്ഞു.
     "ഓക്കേ, ഫൈവ് തൌസണ്ട് ഒണ്‍ലി"
ഞങ്ങള്‍ എല്ലാം ഒന്ന് ഞെട്ടി. ശ്രീനിവാസന്റെ മുമ്പില്‍ ഞങ്ങള്‍ വളരെ ചെറുതാവുന്നത്‌ തിരിച്ചറിഞ്ഞു. ചമ്മല്‍ പുറത്തു കാട്ടാതെ ഞങ്ങള്‍ പറഞ്ഞു.
    "ഓക്കേ, വീ വില്‍ കാള്‍ യു സൂണ്‍"
അങ്ങനെ എങ്ങനെയോ അവിടെ ഇന്നും മുങ്ങി റൂം-ഇല്‍ എത്തി. എല്ലാവരും ഫ്രഷ്‌ ആയി ഫ്രീ ബ്രീക്ഫസ്റ്റ്‌ കൊടുക്കുന്ന സ്ഥലത്തേക്ക് വച്ചു പിടിച്ചു. അവിടെ ഞങ്ങള്‍ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരിന്നു. ഓട്സ് , ദോശ, ബ്രീഡ്‌ ആന്‍ഡ്‌ ഒമ്ലെറ്റ്, ഫ്രൂട്സ്, മില്‍ക്ക്, ............ അതും എല്ലാം അണ്‍ ലിമിറ്റഡ്. പ്രിയ പത്നികള്‍ അടുത്തില്ലാത്ത ഞാനും ഇക്കയും പിന്നെ ഇതുവരെ കല്യാണം കഴിക്കാത്ത മറ്റു മൂന്നുപേരും ബ്രീക്ഫസ്റ്റ്‌-ഇന്റെ കാര്യത്തില്‍ നിര്‍ഭാഗ്യരായിരിന്നു. അത് കോണ്ടു തന്നെ  വിഭവ സമൃദ്ധമായ ഫ്രീ ബ്രീക്ഫസ്റ്റ്‌ കണ്ടതോടെ ഞങ്ങളുടെ എല്ലാം കണ്ട്രോള്‍ വിട്ടു. അക്കരെ അക്കരെ-യില്‍ ശ്രീനിവാസന്‍ ഫുഡ്‌ അടിച്ചപോലെ ഒരു സൈഡ്-ഇല്‍ നിന്നും ഞങ്ങള്‍ ഫുഡ്‌ അടി തുടങ്ങി. പത്തു മണി ആയപ്പോഴേക്കും കിച്ചന്‍ അടച്ചു എന്ന് അവര്‍ പറഞ്ഞപ്പോഴാണ് പരിപാടി നിര്‍ത്തിയത്.  എന്തായാലും ഈ സംഭവത്തോടെ Camelton റിസോര്‍ട്ട്-ഇലെ ഫ്രീ ബ്രേക്ക്‌ ഫാസ്റ്റ് പരിപാടി മിക്കവാറും നിര്‍ത്താന്‍ ചാന്‍സ് ഉണ്ട് എന്നുള്ള കാര്യം ഉറപ്പായി.
          ബ്രീക്ഫസ്റ്റ്‌ കഴിഞ്ഞു തിരിച്ചു റൂം-ഇല്‍ എത്തി വണ്ടിക്കാരന്‍ സന്ദീപിനെ വിളിച്ചു. മഴ കാരണം ഏതേലും കാര്‍ വാടകയ്ക്ക് എടുക്കാം എന്നതായിരിന്നു പ്ലാന്‍. സന്ദീപിനെ പുള്ളിക്കാരന്റെ മൊബൈല്‍-ഇല്‍ വിളിച്ചു ഞങ്ങള്‍ പരിചയപ്പെടുത്തി.
"സന്ദീപല്ലേ"
സന്ദീപ്‌
"അതെ"
ഞങ്ങള്‍
"ഇത് ഞങ്ങളാ, രാവിലെ harley davidson ചോദിച്ച ആള്‍കാര്‍"
harley davidson ഒക്കെ പുല്ലുപോലെ തരാം എന്ന് പറഞ്ഞ സന്ദീപ്‌ ഞങ്ങളുടെ മുമ്പില്‍ ഒരു വലിയ താരം ആയിക്കഴിഞ്ഞിരിന്നു.
സന്ദീപ്‌ ഒരു ഞെട്ടലോടെ.
"സോറി, രാവിലെ വെറുതെ പറഞ്ഞതാ harley davidson തരാം എന്ന്. ഞാന്‍ വേണേല്‍ ഒരു പള്‍സര്‍ ഒപ്പിച്ചു തരാം"
ഇത് കേട്ടതോടെ കൂടെ നമ്മുടെ ശ്രീനിവാസന്‍ സന്ദീപിന്റെ താരപരിവേഷം ഞങ്ങളുടെ മുമ്പില്‍ ഒരു കാറ്റ് കുത്തി വിട്ട ബലൂണ്‍ പോലെ ശൂ......... എന്ന് പറഞ്ഞു പോയി.
   അങ്ങനെ ഇക്ക പേശി ഒരു വാഗണ്‍ ആര്‍ സംഘടിപ്പിച്ചു. പത്തു മിനിറ്റു കഴിയുന്നതിനു മുമ്പേ വണ്ടി ഹോട്ടല്‍-ഇന്റെ മുമ്പില്‍ എത്തി. ഒരു മുന്‍കരുതല്‍ എന്ന നിലക്ക് വണ്ടിയുടെ ഒരു വീഡിയോ എടുക്കാന്‍ ഇലക്ട്രോണിക് ഗാട്ജെറ്റ് വിശാരദനായ യോയോ മോനെ ഏല്പിച്ചു. വല്ല തട്ടലും മുട്ടലും ഉണ്ടായി എന്ന് പറഞ്ഞു ശ്രീനിവാസന്ജി ഞങ്ങളുടെ കയ്യില്‍ നിന്നും പണം പിടുങ്ങിയാലോ എന്ന് കരുതിയാണ് ആ മുന്‍കരുതല്‍ എടുത്തത്‌.
                തഴക്കവും പഴക്കവും വന്ന ഒരു ക്യാമറ-മാനെപ്പോലെ യോയോമോന്‍ ആ കാര്യം നല്ല ഭംഗിയായി നിര്‍വഹിച്ചു. പക്ഷെ പുള്ളിക്കാരന്റെ കഴിവ് പിന്നീടു ഞങ്ങള്‍ ആ വീഡിയോ റിപ്ലേ ചെയ്തു കണ്ടപ്പോഴാണ് ശരിക്കും മനസിലായത്. അഭിനയിച്ച എല്ലാവരുടെയും കാലുകള്‍ ആയിരിന്നു മുഖ്യ കഥാപാത്രങ്ങള്‍. കുറ്റം പറയരുതല്ലോ, ഒരു സീന്‍-ഇല്‍ പോലും മുഖ്യ കഥാ പാത്രമായി ഞങ്ങള്‍ നിശ്ചയിച്ച കാര്‍ ഉണ്ടായിരുന്നില്ല. അപ്പോഴാണ്‌ കക്ഷിക്ക് അബദ്ധം മനസ്സിലായത്‌. സ്റ്റാര്‍ട്ട്‌, ആക്ഷന്‍, ക്യാമറ എന്ന് പറഞ്ഞു കാര്‍-ഇന്റെ വീഡിയോ എടുക്കാന്‍ തുടങ്ങുമ്പോള്‍ പുള്ളിക്കാരന്‍ റെക്കോര്‍ഡ്‌ ബട്ടണ്‍ ഓഫ്‌ ചെയ്യും, കട്ട്‌ പറയുമ്പോഴേക്കും റെക്കോര്‍ഡ്‌ ബട്ടണ്‍ ഓണ്‍ ചെയ്യും. അങ്ങനെയാണ് യോയോമോന്റെ ആദ്യ സിനിമ-യില്‍ സൂപ്പര്‍ സ്റ്റാര്‍  കാറിനെ ഒഴിവാക്കി പുതുമുഖങ്ങളായ കാലുകള്‍ തല കാണിച്ചത്. രാജമാണിക്ക്യം എടുക്കാന്‍ പോയിട്ട് പൊന്തന്‍ മാട എടുത്ത ഒരു അവസ്ഥ.
          അങ്ങനെ ഇക്കയെ സാരഥി ആക്കി ഞങ്ങള്‍ ഗോവ പര്യടനം ആരംഭിച്ചു. മൂന്നു ദിവസത്തെ മറക്കാന്‍ ആവാത്ത എണ്ണമില്ലാത്ത മണ്ടത്തരങ്ങള്‍ ആയുള്ള യാത്ര. അതിലെ ചില സുവര്‍ണ നിമിഷങ്ങള്‍.........


സോനാ ****
      ടിന്റുമോന്റെ പ്രതിശ്രുത വധുവാണ്‌ സോനാ. ടിന്റുമോന്റെ ചേട്ടന്റെ കല്യാണം നടന്നത് നീണ്ട അഞ്ചു വര്‍ഷങ്ങളുടെ   തിരച്ചിലല്ക് ശേഷം ആണ്. എല്ലാം ഒത്തു വരുമ്പോള്‍ ഏതേലും കാരണവര്‍ എന്തേലും കുറ്റം കണ്ടു പിടിക്കും. അങ്ങനെ ആണ് ഇത്രേം നീണ്ട കാലയളവ്‌ വിവാഹത്തിന് എടുത്തത്‌. ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്‌ ടിന്റുമോന്‍ നേരത്തെ തന്നെ ആലോചന തുടങ്ങി. എന്തായാലും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സോനമോലെ കിട്ടി. കിട്ടി എന്ന് പറഞ്ഞാല്‍ വാക്കാല്‍ ഉള്ള ഉറപ്പു മാത്രം ആണ്. ജന്മനാ അനുരാഗ വിലോചിതനായ ടിന്റുമോന് ഇതൊരു ഷോക്ക്‌ ആയിരുന്നു. കാരണം ടിന്റുമോന്റെ സ്വപ്നം ഇത്ര പെട്ടെന്ന് സാക്ഷാല്കരിക്കും എന്ന് പുള്ളികാരന് പോലും ഒരു ഉറപ്പും ഇല്ലായിരിന്നു. അങ്ങനെ ആകെ ഒന്‍പതാം മേഘത്തില്‍ പ്രണയാതുരനായി നടക്കുന്ന, ടിന്റുമോന്റെ മുമ്പില്‍ ഗോവയിലെ "സോനാ പൌല" എന്ന ബീച്ചിന്റെ ബോര്‍ഡ്‌ പെട്ടത്. 
         അത് കണ്ടപ്പോള്‍ മുതല്‍ അതിന്റെ മുമ്പില്‍ നിന്നും ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു വാശി പിടിക്കാന്‍ തുടങ്ങി. ഞങ്ങളാവട്ടെ പൂരപ്പറമ്പില്‍ "പീപി" വാങ്ങി തരണം എന്ന് പറയുന്ന വികൃതി പയ്യനെ സമാധാനിപ്പിക്കാനായി മറ്റു പലതും കാണിച്ചു. ടിന്റുമോനവട്ടെ ഫോട്ടോ എടുക്കണം എന്ന ഒരു വാശിയില്‍. പുള്ളിക്കാരന്റെ കണ്ണുകളില്‍ "സോനാ പൌല"യിലെ സോനാ മാത്രം. ബോര്‍ഡ്‌-ഇല്‍ ഒളിഞ്ഞിരിക്കുന്ന ഒരു അപകടം കാണാന്‍ കഴിയാത്ത വിധം പ്രണയ പനി ടിന്റുമോനെ ബാധിച്ചിരിന്നു.
       അങ്ങനെ ഞങ്ങള്‍ ബോര്‍ഡ്‌-ഇന്റെ അരികില്‍ കാര്‍ നിറുത്തി. ചന്നം പിന്നം പെയ്യുന്ന മഴയെ വക വെക്കാതെ ചാടിയിറങ്ങി ഫോട്ടോയ്ക് പോസ് ചെയ്തു. നീളമില്ലതിനാല്‍ വളരെ കഷ്ടപ്പെട്ട് കൈകള്‍ കോണ്ടു "സോനാ പൌല"യിലെ സോനാ-യെ ചൂണ്ടി നില്‍കുന്ന ടിന്റുമോന്റെ ഒരു ഫോട്ടോ ആണ് യോയോമോന്‍ എടുത്തത്‌. 
    മഴ ആയതു കോണ്ടു കാര്‍-ഇനുള്ളില്‍ നിന്നും ഈ രംഗം കണ്ടു നിന്ന ഞങ്ങള്ക് ചിരി സഹിക്കുവാന്‍ കഴിഞ്ഞില്ല. ഓടി തിരിച്ചു വന്നു കാര്‍-ഇല്‍ കയറിയ ടിന്റുമോന്‍ ഞങ്ങള്‍ തല തല്ലി ചിരിക്കുന്നത് കണ്ടിട്ട് ആകെ അന്തം വിട്ടു. കാര്യം തിരക്കിയ ടിന്റുമോനോട് എടുത്ത ഫോട്ടോ നോക്കുവാന്‍ ഞങ്ങള്‍ പറഞ്ഞു.
   തെല്ലൊരു സംശയത്തോടെ, ഫോട്ടോ നോക്കിയ ടിന്റുമോന്‍ തകര്‍ന്നു പോയി. ആ ബോര്‍ഡ്‌-ഇല്‍ "സോനാ പൌല" കൂടാതെ മറ്റു സ്ഥലങ്ങളിലേക്കുള്ള ദൂരവും എഴുതിയിരിന്നു. "സോനാ പൌല"യുടെ തൊട്ടു താഴെ എഴുതിയ സ്ഥലത്തിന്റെ പേരാണ് വില്ലന്‍ ആയതു. സ്ഥലപ്പേരു "ജെട്ടി". ബോര്‍ഡ്‌-ഇന്റെ ഉയര കൂടുതല്‍ കാരണം ടിന്റുമോന്‍ ചൂണ്ടിയ കൈ "സോനാ"യില്‍ എത്തിയില്ല. പകരം ജെട്ടി വരയെ എത്തി ഉള്ളൂ . ആകെ കൂടെ വടക്ക് നോക്കി യന്ത്രത്തില്‍ ശ്രീനിവാസന്റെ കുടുംബ ഫോട്ടോ യില്‍ ശ്രീനിവാസന്‍ നില്‍കുന്ന പോലെയുള്ള ഫോട്ടോ. ശ്രീനിവാസന് പകരം നമ്മുടെ ടിന്റുമോന്‍, പാര്‍വതിക്ക് പകരം "സോനാ ജെട്ടി".


******** തുടരും  *********







2010, ഫെബ്രുവരി 13, ശനിയാഴ്‌ച

ആപ്പീസിലെ ആഗോള മാന്ദ്യ പിന്‍വാങ്ങല്‍ മലയാള ഭാഷ പ്രയോഗങ്ങള്‍

ബാംഗ്ലൂര്‍-ഇലെ എല്ലാ സോഫ്റ്റ്‌വെയര്‍ കമ്പനികളിലും ആഗോള മാന്ദ്യം ഒഴിഞ്ഞു പോവുന്നതിന്റെ സന്തോഷ പ്രകടനങ്ങള്‍ക്കിടയില്‍ കേട്ട ചില മലയാള ഭാഷ പ്രയോഗങ്ങള്‍, ബാക്കി ഉള്ളവര്കും പ്രയോജനം ചെയ്യട്ടെ എന്ന പ്രതീക്ഷയില്‍ കുറിക്കുന്നു. ഈ ഉദ്യമത്തില്‍ പങ്കാളികള്‍ ആയവര്‍ (ഈയുള്ളവന്‍ ഉള്‍പടെ) മലയാളത്തില്‍ വലിയ വിവരം ഇല്ലാത്തവര്‍ ആയതു കൊണ്ട് തെറ്റുകുറ്റങ്ങള്‍ സദയം ക്ഷമിക്കണം എന്ന് ഒരു മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നു.
          മറ്റുള്ള ( മലയാളികള്‍ അല്ലാത്ത ) സഹപ്രവര്‍ത്തകര്‍ അറിയാതെ കമ്പനി ചാടാനും അഭിമുഖ( ഇന്റര്‍വ്യൂ) അവസരങ്ങള്‍ അറിയാനും, ഇവയെ പറ്റി പരസ്യമായി സംസാരിക്കാനും ഉതകുന്ന ഭാഷ പ്രയോഗങ്ങള്‍ ആണ് താഴെ കുറിച്ചിരിക്കുന്നത് . വിവരം ഉള്ളവര്‍ക് ഈ ആഗോള മാന്ദ്യ പിന്‍വാങ്ങല്‍ ഭാഷ പ്രയോഗങ്ങളിലേക്ക് സംഭാവനകള്‍ തരാവുന്നതാണ്.
              ഈ ഭാഷ പ്രയോഗങ്ങള്‍ നിങ്ങള്‍കും നിങ്ങളുടെ കമ്പനികളില്‍ ഉപയോഗിക്കാവുന്നതാണ്. പക്ഷെ താഴെ പറയുന്ന നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചില്ല എങ്കില്‍ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്ന് മാത്രമല്ല, വിപരീത ഫലം കിട്ടാനുള്ള സാധ്യതകള്‍ വളരെയേറെ ആണ്.

നിബന്ധന ഒന്ന് : രണ്ടോ അതിലധികമോ ഒരേ മനസ്ഥിതിക്കാരായ മലയാളികള്‍ ഉണ്ടായിരിക്കണം. ഒരേ മനസ്ഥിതിക്കാര്‍ എന്ന് പറഞ്ഞാല്‍ പരസ്പരം പാര വെക്കാത്ത മലയാളികള്‍.

നിബന്ധന രണ്ടു : നിങ്ങളുടെ മാനേജര്‍ അല്ലെങ്കില്‍ ഏതേലും സീനിയര്‍ മലയാളി ആണ് എങ്കില്‍ ഒരു കാരണവശാലും ഈ പരിപാടിയില്‍ പങ്കെടുക്കരുത്.


സാധാരണ ഉപയോഗിക്കുന്ന പദങ്ങള്‍

അഭിമുഖം             - ഇന്റര്‍വ്യൂ

സംവിധായകന്‍  - ഡയറക്ടര്‍ ( ഉദാ: സംവിധായകനുമായി ഒരു അഭിമുഖം കൂടെ ബാക്കി ഉണ്ട്)

തുറക്കല്‍              - opening ( ഉദാ: അളിയാ, നിങ്ങളുടെ പ്രസ്ഥാനത്തില്‍ തുറക്കല്‍ വല്ലതും ഉണ്ടോ?)

വട്ടം                    - റൌണ്ട് ( ഉദാ: ഒന്നാം വട്ട അഭിമുഖം കഴിഞ്ഞു )

പ്രസ്ഥാനം         - കമ്പനി

മച്ചാന്‍               - മാനേജര്‍ ( ഉദാ: അളിയാ, മച്ചാന്‍ ഇന്ന് വന്നോ?)

ചെറിയ മച്ചാന്‍ - ടീം ലീഡര്‍ ( ഉദാ: മറ്റേ പ്രസ്ഥാനത്തില്‍ ചെറിയ മച്ചാന്‍ ഒഴിവു ഉണ്ട് )

വലിയ മച്ചാന്‍ - സീനിയര്‍ മാനേജര്‍ ( ഉദാ: )

അതി സൂക്ഷ മൃദുല ജനാല - മൈക്രോസോഫ്ട്‌ ( ഉദാ: അളിയാ, അതി സൂക്ഷ മൃദുല ജനാല പ്രസ്ഥാനത്തില്‍ നിന്നും വിളി വന്നിരിന്നു )

സോപ്പ് കമ്പനി - വിപ്രോ (ഉദാ: സോപ്പ് കമ്പനിയില്‍ തുറക്കല്‍ ഉണ്ട്)

വിവര ക്രമീകരണം - data structure ( ഉദാ: അഭിമുഖത്തില്‍ കൂടുതലും വിവര ക്രമീകരണത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ ആയിരിന്നു കൂടുതലും )

മരം                          - ട്രീ

ദ്വൈ തെരയല്‍ മരം - ബൈനറി സെര്‍ച്ച്‌ ട്രീ

സ്വയം വിളി              - recursive ( ഉദാ: ദ്വൈ തെരയല്‍ മരം സ്വയം വിളി ഉപയോഗിച്ച് നിര്‍മിക്കുക )


[കടപ്പാട് ] സിയോഫെഡ് കെ മോള്‍വിഷ് (പേര് കേട്ട് ഞെട്ടണ്ട, ഒരു സാധാരണ കണ്ണൂര്‍ സ്വദേശി), ജോസ്, രജിത്, തുടങ്ങിയര്‍ ..

2010, ജനുവരി 10, ഞായറാഴ്‌ച

കളി രാജുവിനോടോ?

ഇന്നലെ 3 Idiots ഇരുന്നു കണ്ടപ്പോഴാണ് അടുത്ത ഒരു ബ്ലോഗ്‌ ഉടനെ എഴുതണം എന്ന ആഗ്രഹം മനസ്സില്‍ കയറി കൂടിയത്. ആദ്യ പകുതിയിലെ നമ്പറുകള്‍ എല്ലാം നമ്മുടെ കോളേജ് ലൈഫ് സമയത്ത് അത് പോലയോ അതിനെക്കാളും രസകരം ആയോ നടന്ന പോലെ തോന്നി. എന്തായാലും മോട്ടോര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്നതും , നിര്‍ത്തുന്നതും ഒക്കെ പറഞ്ഞു പഴകിയ കഥകള്‍ ആണ്. തല്‍കാലം എഞ്ചിനീയറിംഗ് പഠന കാലത്ത് നിന്നും ഒരു ചെറിയ കഥ ഇരിക്കട്ടെ.
     കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകാന്‍ പറഞ്ഞു വിട്ട ഞങ്ങളെ electrical ലാബ്‌-ഉം mechanical ലാബ്‌-ഉം ഒക്കെ പഠിപ്പിച്ചത് എല്ലാത്തിനേം പറ്റി എന്തേലും വിവരം വെക്കട്ടെ എന്ന് കരുതി ആവും. പക്ഷെ ഈ അവസരം electrical ലാബ്‌-ഇലെ അസിസ്റ്റന്റ്‌ മുതലെടുക്കുന്നത് ഒരു പതിവായിരിന്നു. electricity എന്ന് പറഞ്ഞാല്‍ ഷോക്ക്‌ അടിക്കുന്ന ഒരു സംഭവം മാത്രമാണെന്നും, അതില്ലാതെ സിനിമ, കമ്പ്യൂട്ടര്‍ ഗെയിം മുതലായ വിനോദങ്ങള്‍ നടക്കില്ലന്നും മാത്രം അറിയാവുന്ന ഞങ്ങളുടെ മേല്‍, മേല്‍പടിയാന്‍ പുള്ളിക്കാരന്റെ  electrical അറിവുകള്‍ വച്ച്  സ്ഥിരമായി പണി തരുകയും ചെയ്യുമായിരിന്നു. 
         V = IR എന്ന സമവാക്യം  മാത്രമായിരിന്നു  electrical ലാബ്‌ ചെയ്യുമ്പോള്‍ ഞങ്ങളുടെ കൈ മുതലായി ഉണ്ടായിരിന്ന സംഭവം. ഇങ്ങനെ ഇരിക്കുന്ന ഞങ്ങള്‍ വല്ല വയറും കണക്ട് ചെയ്യുമ്പോള്‍ ഒന്ന് വളയുവോ തിരിയുവോ ചെയ്യ്താല്‍ പിന്നെ കക്ഷിയുടെ വായില്‍ ഇരിക്കുന്നത് മുഴുവന്‍  കേള്‍ക്കനമായിരിന്നു.  സ്ഫടികത്തിലെ തിലകന്റെ പോലെ പുള്ളിക്കാരന്റെ വിചാരവും "വിത്ത്‌ ഔട്ട്‌ electrical ഈ ലോകം വെറുമൊരു വട്ടപൂജ്യം"
   ഇങ്ങനെ ഇരിക്കുമ്പോഴാണ് electrical ലാബ്‌ എക്സാം വരുന്നത്. ഈ എക്സാം- ആണ് മേല്പടിയാനു കമ്പ്യൂട്ടര്‍ കിടാങ്ങളെ ദ്രോഹിക്കാന്‍ കിട്ടുന്ന അവസാന പരിപാടി. എക്സാം തകൃതിയായി നടക്കുന്ന സമയം. കുട്ടികള്‍ കഴിഞ്ഞ കുറെ കാലമായി പഠിച്ച വിവരവും വച്ച് പരീക്ഷയെ നേരിടുന്നു.
       കിട്ടിയ experiment ചെയ്ത ശേഷം നമ്മുടെ കഥാ നായകന്‍ രാജു, വൈവ കൈ കൊള്ളുവാന്‍ മേല്പടിയാനായി വിളിക്കപ്പെട്ടു.   മേല്പടിയാനാകട്ടെ രാജുവിനെ ചോദ്യങ്ങളുമായി  വലക്കുവാന്‍ തുടങ്ങി. ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ കിടാവിന്റെ കയ്യില്‍ നിന്നും കിട്ടിയ ഉത്തരങ്ങളൊന്നും പുള്ളിക്കാരനെ  തൃപ്തനാക്കിയില്ല.
     അവസാന ഒരു ശ്രമം എന്ന നിലയില്‍ മച്ചാന്‍  ഒരു അവസാന കടുത്ത ചോദ്യം രാജുവിന് നേരെ തൊടുത്തു വിട്ടു.
മേല്‍പടിയാന്‍  ഒരു 3 - പിന്‍ plug കാണിച്ചു കൊണ്ട് ചോദിച്ചു .     

"എടൊ, എന്ത് കൊണ്ടാണ് 3 -pin -ഇല് ഒരു പിന്‍ ( ഏര്‍ത്ത് പിന്‍ ) മാത്രം വലുതായി ഇരിക്കുന്നെ??"

രാജു തകൃതിയായി ചിന്തിച്ചു. അത് വരെ പഠിച്ച electrical data base  മുഴുവന്‍ സെര്‍ച്ച്‌ ചെയ്തിട്ടും ഉത്തരം ഒന്നും തടഞ്ഞില്ല. പെട്ടന്നാണ് 3-pin -ഇന്റെ socket രാജുവിന്റെ കണ്ണില്‍ പെട്ടത്.

കുളിച്ചു കൊണ്ടിരുന്ന archimedes eureka എന്ന് വിളിച്ച പോലെ മനസ്സില്‍ eureka എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഉത്തരം പറഞ്ഞു.


    "    സര്‍ , ആ socket -ഇന്റെ ഓട്ട (hole ) നോക്ക് , അതിലൊരെണ്ണം വലുതാ !!!!!!!!!!!!!! അതുകൊണ്ടാ ഒരു പിന്‍ വലുതായിരിക്കുന്നെ !!!!!!!!!!!!!!"

2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

അനന്തനാണ് താരം.

കാലയവനികക്കുള്ളില്‍ മറഞ്ഞ എഞ്ചിനീയറിംഗ് പഠനകാലം. ആദ്യ വലിയ അവധിക്കു ശേഷം കുട്ടികള്‍എല്ലാവരും ഹോസ്റ്റല്‍-ഇല്‍ എത്തി ചേര്‍ന്നു കൊണ്ടിരിക്കുന്നു.
ഒരു മാസം മുമ്പുള്ള പരീക്ഷ സമയത്തു എഴുതി പഠിച്ച പേപ്പര്‍-കളും , ചോദ്യ കടലാസുകളും എല്ലാംഅവിടവിടെയായി ചിതറി കിടക്കുന്നു. കുട്ടികള്‍ നന്നായി പഠിക്കട്ടെ എന്ന് കരുതി ഹോസ്റ്റല്‍ മെസ്സില്‍ പരീക്ഷകാലത്തു കട്ടന്‍ ചായ ഉണ്ടാക്കുമായിരിന്നു. ഒരു മാസം കഴിഞ്ഞു തിരിച്ചു വന്നപ്പോഴും അതവിടെതന്നെയുണ്ടായിരിന്നു.

ഇതു കണ്ട ഏതോ ഒരു കൂര്‍മ (വക്ര) ബുദ്ധിക്കാരന് , ആ പഴയ കട്ടന്‍ ചായ വച്ചു ആരെയേലും പറ്റിക്കാംഎന്ന ആശയം മനസ്സില്‍ പൊട്ടി മുളച്ചു. ഈ ആശയം കൂടെ ഉണ്ടായിരിന്നവരോട് പങ്കു വച്ചു. ഈനാപീചിക്ക് കുറെയേറെ മരപ്പട്ടികള്‍ കൂട്ട്. അങ്ങനെ എല്ലാവരും കൂടെ ആര്‍ക്കേലും പണി കൊടുക്കാം എന്ന് തീരുമാനിച്ചു. പക്ഷെ ആര്‍ക്കു എന്നത് കുറച്ചു നേരത്തേക്ക് ആശയ കുഴപ്പം ഉണ്ടാക്കിയെങ്കിലും , പെട്ടെന്ന് തന്നെ ആസമസ്യക്ക് ഉത്തരം കിട്ടി. അനന്തനായിരിന്നു ആ ഹതഭാഗ്യന്‍.

നമ്മുടെ കഥാ നായകന് നറുക്ക് വീഴാന്‍ പല കാരണങ്ങളും ഉണ്ട്. ഒന്നാമതായി കക്ഷി ബാക്കി ഉള്ളവരെപറ്റിക്കുന്നതില്‍ നല്ല മിടുക്കനായിരിന്നു. രണ്ടാമതായി, കക്ഷി നന്നായി തള്ളുന്ന കൂട്ടത്തില്‍ ആയിരിന്നു ( പുള്ളിക്കാരന്‍ പറഞ്ഞിരുന്നത് പണ്ടു പുള്ളിക്കാരന്‍ ഒരു വലിയ പുലി ആയിരിന്നു ,
കക്ഷി എല്ലാത്തരം വെള്ളവും അടിച്ചിട്ടുണ്ട്, എന്നൊക്കെയാണ് ). അങ്ങനെ കൂട്ടത്തില്‍ ഉള്ള ആരോ അനന്തന്റെ അടുക്കല്‍ ചെന്നുചോദിച്ചു .
"അളിയാ അനന്താ ഒന്നു കൂടുന്നോ. നല്ല സാധനം കൊണ്ടു വന്നിട്ടുണ്ട്."

ഇത്രേം ഒക്കെ പറഞ്ഞിട്ട് വെള്ളം അടിക്കില്ല എന്ന് പറഞ്ഞാല്‍ എല്ലാ ഇമേജ് - ഉം പോവില്ലേ എന്ന് കരുതി അനന്തന്‍ മറുപടി നല്കി.
" എന്നാ ചോദ്യമാ, എപ്പോള്‍ കൂടി എന്ന് ചോദിച്ചാല്‍ പോരെ !!!"

അങ്ങനെ അനന്തന്‍ വെള്ളം അടിക്കാനുള്ള തയ്യാറെടുപ്പോടെ എത്തി ചേര്ന്നു.

ഒരു സംശയത്തിനും ഇട കൊടുക്കാതെ കുട്ടികള്‍ എല്ലാവരും കൂടെ ഒരു മാസം പഴക്കമുള്ള കട്ടന്‍ചായ അനന്തന്കൊടുത്തു. വെള്ളം മിക്സ്‌ ചെയ്യാന്‍ ചെന്ന പയ്യനോട് അനന്തന്‍ പറഞ്ഞു.

"ഡേയ്, ഡോണ്ട് മിസ്‌ അണ്ടര്‍ സ്റ്റാന്റ് മി, ഞാന്‍ വെള്ളം ചെര്‍ക്കതാണ് സാധാരണ അടിക്കാറുല്ല്ത് , പിന്നെനിങ്ങളുടെ ഒരു സമാധാനത്തിനു കുറച്ചു വെള്ളം മിക്സ്‌ ചെയ്തോളു "

അങ്ങനെ അനന്തന്‍ വെള്ളം മിക്സ്‌ ചെയ്ത കട്ടന്‍ ചായ കുടിച്ചിട്ട് ചോദിച്ചു .

"ശ്ശ്ശ്ശ്..............( സാധാരണ വല്യ വെള്ളം അടിക്കാര്‍ വെള്ളം അടിച്ച ശേഷം ഉണ്ടാക്കുന്ന ശബ്ദം ) സാധനം സ്കോച്ചാനല്ലേ????... "!!!!!!!!!!!!!!!!!!!!!!!!!!!!

എല്ലാവരും ഒന്നു ഞെട്ടി..

അനന്തന്‍ തുടര്‍ന്നു

"സംഭവം മിലിട്ടറി ആണെന്ന തോന്നുന്നേ..ഭയങ്കര കിക്ക് "

[കടപ്പാട് ] 2004 ഓര്‍ക്കുട്ട് കമ്മ്യൂണിറ്റി - യിലെ ഉണ്ണിയുടെ എഴുത്ത്...

2009, ഒക്‌ടോബർ 28, ബുധനാഴ്‌ച

വീണ്ടും ചില കലാലയ കാര്യങ്ങള്‍...

ഈ സംഭവം നടക്കുന്നത് S6-ഇലെ ഒരു വിനോദ യാത്ര വേളയിലാണ്.
സാധാരണ ആള്‍കാര്‍ വിനോദ യാത്രകള്‍്കു പോവുന്നത് നന്നായി കഷ്ടപ്പെട്ട് വല്ലതും ചെയ്തിട്ടായിരിക്കും. അതായത് കുട്ടികള്‍ പഠിച്ചു ബോറടിക്കുംബോഴോ, ജോലിക്കാര്‍ പണി ചെയ്തു ബോറടിക്കുംബോഴോ മറ്റോ. ഞങ്ങളുടെ കാര്യത്തില്‍ ഇതൊന്നും അല്ലായിരിന്നു. വെറുതെ പണിയൊന്നും എടുക്കാതെ കോളേജ് ലൈഫ് അടിച്ച് പോളിക്കുംബോഴാണ് ഒരു വിനോദ യാത്ര ആവാം എന്ന് തോന്നുന്നത്( കുറച്ചു പേരുടെ കാര്യം അങ്ങ് പൊതുവായി പറഞ്ഞു എന്നെ ഉള്ളൂ. നന്നായി പഠിക്കുന്നവര്‍ ആയിരിന്നു കൂടുതല്‍ കുട്ടികളും ) .

വിനോദ യാത്രകള്‍ ഒക്കെ പ്ലാന്‍ ചെയ്യുന്നതും നടത്തുന്നതും നമ്മളൊക്കെ തന്നെ ആയിരിന്നു. സ്ഥലവും തീയതിയും ബസ്സ്-ഉം തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള സ്റ്റേജ് ആണ്. കൂടെ വരേണ്ട ആണ്‍ മാഷേം പെണ് മാഷേം ഫിക്സ് ചെയ്യുക എന്നത് ആണ് ആ ബുദ്ധിമുട്ടേറിയ കാര്യം . ഞങ്ങളുടെ സ്വഭാവം നന്നായി അറിയാവുന്നതു കൊണ്ടാവും ആരും കൂടെ വരാന്‍ തയ്യാറാവില്ല. അങ്ങനെ ഏതേലും മാഷിനെ ഒപ്പം കൂട്ടാന്‍ ഞങ്ങള്‍കും താത്പര്യം ഇല്ലായിരിന്നു. ഞങ്ങളുടെ കൂടെ നിന്നും പൊളിക്കാന്‍ കഴിവുള്ളവര്‍ ആണേല്‍ വളരെ സന്തോഷം. ഇങ്ങനെ പല യോഗ്യതകളും മാനധണ്ടമായി ഉണ്ടായിരിന്നത് കൊണ്ടു അവസാന നിമിഷം വരേം ആരേം കിട്ടിയില്ല. അവസാനം കൂടെ വരാന്‍ മാഷ്‌ ഇല്ലാത്തതു കൊണ്ടു മാത്രം വിനോദ യാത്ര മുടങ്ങും എന്ന സ്ഥിതി വന്നപ്പോള്‍ ഏതെങ്കിലും മാഷ് മതി എന്ന തീരുമാനത്തില്‍ എത്തി. അങ്ങനെ HOD പറഞ്ഞതനുസരിച്ച് ഒരു മാഷേ കിട്ടി. പുള്ളിക്കാരനെ ഞങ്ങള്‍ക്കാണേല്‍ ഒരു പരിചയവും ഇല്ലായിരിന്നു.

പ്രൈവസി പോളിസി-യില്‍ ഒപ്പ് ഇട്ടതു കൊണ്ടു സാറിന്റെ യഥാര്‍ഥ പേരു പറയുന്നില്ല. തത്കാലം നമ്മുക്ക് മാഷേ "ശശി" എന്ന് വിളിക്കാം.

വിനോദ യാത്ര തുടങ്ങുന്നതിനു മുമ്പെ എല്ലാവരേം വിളിച്ചു പെരുമാറ്റ ചട്ടങ്ങള്‍ ഒക്കെ പറഞ്ഞു കൊടുത്ത ശേഷം ശശിമാഷേം കൊണ്ട്‌ ഞങ്ങള്‍ ടൂറിനു പുറപ്പെട്ടു. ആരും വെള്ളം അടിക്കാന്‍ പാടില്ല, വളരെ ഡീസന്റ് ആയിരിക്കണം എന്നൊക്കെ പറഞ്ഞാണ്‌ യാത്ര തുടങ്ങിയത്. അങ്ങനെ വല്യ പരിചയം ഒന്നും ഇല്ലാത്ത
ശശിമാഷേം കൊണ്ട്‌ ഞങ്ങള്‍ ആദ്യ സ്ഥലമായ ചെന്നൈ-യില്‍ എത്തി.

ഞങ്ങള്‍
അവിടെ എത്തിയത്ഒറ്റക്കായിരിന്നില്ല,
കൂടെ ഒരു പേമാരിയും ഉണ്ടായിരിന്നു. ചെന്നൈ മഴ പെയ്തു ആകെ കുളമായി എന്ന് പറഞ്ഞാല്‍ കൂടെഉണ്ടായിരുന്ന ചങ്ങായിമാര്‍ ഇപ്പോഴും എന്നെ ഓടിച്ചിട്ട് തല്ലും. മഴ പെയ്ത ചെന്നൈ വലിയ ഒരു ഓട ആയി എന്ന്പറയുന്നതാണ്‌ അതിന്റെ ഒരു ശരി. അങ്ങനെ വലിയ ഓടയില്‍ തകര്‍ത്തു എന്‍ജോയ് ചെയ്തിട്ട് അടുത്തസ്ഥലമായ കൊടൈകനാല്‍-ഇലേക്ക് പുറപ്പെട്ടു. സമയത്തു ഒക്കെയും നമ്മുടെ ശശിമാഷ് ഞങ്ങളുമായിവലിയ കമ്പനി ഒന്നും അടിക്കാതെ വളരെ ഗൌരവമായി അടങ്ങി ഇരിക്കുക ആയിരിന്നു.

ചെന്നൈ
-യിലെ കയിപ്പ് നിറഞ്ഞ അനുഭവങ്ങള്‍ കാരണം പെരുമാറ്റ ചട്ടങ്ങളില്‍ ചെറിയ മാറ്റം വരുത്തുവാന്‍ഞങ്ങള്‍ നിര്‍ബന്ടിതരായി തീര്ന്നു. കൊടൈകനാല്‍-ഇലെ തണുപ്പും തീരുമാനത്തിന് പുറകില്‍ഉണ്ടായിരിന്നു. അങ്ങനെ കുടിയന്മാര്‍കായി ഒരു പ്രത്യേക റൂം നല്കി.

സംഭവം ശശിമാഷ് അറിയാതെ ഇരിക്കാന്‍ പ്രത്യേകം ഞങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്തു. അങ്ങനെ ചെറിയ കുടിയന്മാര്‍ (അതായത് ജീവിതത്തില്‍ ഇതുവരെ വെള്ളം അടിച്ചിട്ടില്ലാത്ത കക്ഷികള്‍) തുടങ്ങി വലിയ കുടിയന്മാര്‍ (ജീവിതത്തില്‍ ആകെ മൊത്തം രണ്ടു പ്രാവശ്യം എങ്കിലും അടിച്ചിട്ടുള്ള കക്ഷികള്‍ ) വരെ ഉള്‍പെടുന്ന സംഘം കുറച്ചു കുപ്പികളുംവെള്ളവുമായി പരിപാടി ആരംഭിച്ചു.
സാധനത്തില്‍ വെള്ളം ചേര്ത്തു കൊണ്ടിരിക്കുമ്പോള്‍ വളരെ അപ്പ്രതീക്ഷിതമായി നമ്മുടെ ശശിമാഷ് റൂമിലേക്ക്‌ കയറി വന്നു. എല്ലാവരും ഒന്നു ഞെട്ടി.
ഞെട്ടല്‍ പുറത്തു കാണിക്കാതെ കൂട്ടത്തില്‍ ഒരുസീനിയര്‍ കുടിയന്‍ സാറിനോട് ചോദിച്ചു.
"മാഷേ വേണോ?"
ശബ്ദത്തില്‍ ഒരു ചെറിയ വിറയല്‍ ഉണ്ടായിരിന്നെങ്കിലും ( വിറയല്‍ തണുപ്പ് കാരണം ആയിരിന്നുഎന്നാണു സീനിയര്‍ കുടിയന്‍ പിന്നീട് പറഞ്ഞതു), ധൈര്യം എല്ലാവരും സമ്മതിച്ചു കൊടുത്തു.
പക്ഷെ എല്ലാവരേം നിരാശപ്പെടുതികൊണ്ട് മാഷ്‌ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു

" വേണ്ട , വേണ്ട "

എല്ലാവരും ഒരു നിമിഷത്തേക്ക് സ്തബ്ധരായി നിന്നു.

പക്ഷെ
അതുകൊണ്ട് മാഷ് നിര്‍ത്തിയില്ല. ശശി മാഷിന്റെ ബാക്കി വാക്കുകള്‍ ഒരു കുളിര്‍മഴപോലെ അവിടെ ഉള്ളവരുടെ ഹൃദയത്തിലേക്ക് പെയ്തിറങ്ങി.

"ഏടോ പിള്ളേരെ ഞാന്‍ പറഞ്ഞതു എനിക്ക് വെള്ളം വേണ്ട എന്നാ. വെള്ളം ഒഴിച്ച് നശിപ്പിക്കാതെ ഒരു ലാര്‍ജ്ഇങ്ങു എടുത്തേ"!!!!!!!!!!!!!!!

അങ്ങനെ കുട്ടികളും മാഷുമായുള്ള അകല്‍ച്ച നിമിഷം അലിഞ്ഞു പോയി. പിന്നീട് ഞങ്ങള്‍ ഇഴയുന്ന മാഷുമായിയാത്ര തുടര്‍ന്നു.

[പിന്‍ കുറിപ്പ് ] വിനോദയാത്ര കഴിഞ്ഞു വന്ന ഞങ്ങളോട് മറ്റുള്ളവര്‍ ഈ മാഷിനെ കുറിച്ചു ചോദിച്ചു. ഒരു സംശയവും കൂടാതെ മറുപടി പറഞ്ഞു.
"മാഷ്‌ ശരിക്കും ഗ്രൌണ്ട് ടു ഏര്‍ത്ത് ആയ ഒരു മനുഷ്യനാണ്‌ !!!!!!!!"


2009, ഒക്‌ടോബർ 25, ഞായറാഴ്‌ച

ചീനക്കാരുടെ ഭാഷാ വിശേഷങ്ങള്‍

ഇനി കുറച്ചു ചൈനീസ് ഭാഷ വിശേഷങ്ങള്‍ ആവട്ടെ.

ഒരു വര്‍ഷത്തോളം ചീന കമ്പനിയില്‍ വര്‍ക്ക് ചെയ്തിട്ടാണ് Beijing-നു പറന്നത്‌. ഇവിടെ വച്ചു തന്നെ ചിനക്കാരുടെ പേരുകളും വര്‍ത്തമാനവും ഒക്കെ കേട്ടിട്ടുള്ളത് കൊണ്ടു അവിടെ ചെന്നിട്ടും വല്യ അത്ഭുതം ഒന്നുംതോന്നിയില്ല. പേരുകള്‍ ഒക്കെ വളരെ സിമ്പിള്‍ ആയിരിന്നു. ഒരു സ്റ്റീല്‍ പാത്രം തറയില്‍ വീഴുന്ന ശബ്ദം ഇല്ലേ.
അത് തന്നെ സാധനം. പല ഉയരത്തില്‍ നിന്നും വീണാല്‍ പല പേരുകള്‍ , അത്ര മാത്രം. ചീനക്കാരെ നാട്ടില്‍ മമ്മി പാത്രം കഴുകുന്നടത് എങ്ങാനും കൊണ്ടു നിര്‍ത്തിയാല്‍ ഏതെങ്കിലും ഒക്കെ ചൈനക്കാരന്‍ വിളികേള്‍ക്കും എന്നുള്ളത് നൂറു ശതമാനം ഉറപ്പാ .
ബിജിംഗ്-ഇല്‍ ചെന്നിട്ടു ആദ്യ കുറച്ചു നാളുകള്‍ക്കകം നല്ല മീനും ചോറും കിട്ടുന്ന ഒരു കട ഞങ്ങള്‍ കണ്ടു പിടിച്ചു. സ്ഥിരം അവിടെ പോയി കയ്യും കാലും ഒക്കെ കാണിച്ചു ഭക്ഷണം കഴിക്കുമായിരിന്നു. ഇങ്ങനെഇരിക്കുമ്പോഴാണ് ശ്രീധന്യ ചൈനയിലേക്ക് വരുന്നതു (ധന്യ ഞങ്ങളുടെ കമ്പനി-യിലെ ടെക്നിക്കല്‍ എഡിറ്റര്‍
ആണ്. ചൈനക്കാരെ ഇംഗ്ലീഷ് പഠിപ്പിക്കുക എന്ന അസംഭവ്യമായ ഒരു ഉദ്ദേശവുമായി ആണ് പുള്ളിക്കാരിഅവിടെ എത്തിയത്. ചൈനക്കാരും ഇംഗ്ലീഷും - ധന്യയെ സമ്മതിക്കണം , പക്ഷെ ചൈനാക്കാരെ എല്ലാം ഇന്ത്യന്‍ക്ലാസിക്കല്‍ ഡാന്‍സ്-ഇന്റെ ആരാധകര്‍ ആക്കിയിട്ടാണ് പുള്ളിക്കാരി തിരിച്ചു പോന്നത്). അങ്ങനെ കുറച്ചു ദിവസങ്ങള്‍ക്ക്ശേഷം ധന്യേം ഞങ്ങള്‍ മീനും ചോറും കടയില്‍ കൊണ്ടു പോയി. നോബിന്‍(നോബിനെ അറിയാത്തവര്‍ കഴിഞ്ഞബ്ലോഗ് വായിച്ചു നോക്കുക) പച്ച മലയാളത്തില്‍ ഓര്‍ഡര്‍ ചെയ്തു.
"അമ്മച്ചി, മൂന്നു ചോറും മീനും!!!!" (ഇതിന്റെ കൂടെ ഞങ്ങള്‍ സ്ഥിരം കാണിക്കാറുള്ള ആന്ഗ്യങ്ങളും, ഇതു ധന്യ ശ്രദ്ധിച്ചില്ല)
ധന്യ ഒരു ഞെട്ടലോടെ നോക്കി ഇരിക്കുമ്പോള്‍ അവിടത്തെ പെണ്ണുമ്പിള്ള നല്ല ചോറും മീനും കൊണ്ടു വച്ചു. ഹൊ ധന്യ-യുടെ ഞെട്ടല്‍ കാണേണ്ടത് തന്നെ ആയിരിന്നു. എന്തായാലും ധന്യ കുറച്ചു കാലം മലയാളവും ചൈനീസും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള ഗവേഷണത്തില്‍ ആയിരിന്നു!!!!!!!!!!!!

ഇങ്ങനെ ഇരിക്കുമ്പോള്‍ നമ്മുടെ നോബിന്‍ ചൈനീസ് പഠിക്കാന്‍ തുടങ്ങി. എനിക്കാണേല്‍ പണ്ടു തൊട്ടേമലയാളവും, c-യും ഒഴിച്ച് വേറെ ഭാഷകള്‍ പടിക്കുന്നതിനോട് ഒരു താല്‍പ്പര്യവും ഇല്ല.
കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും നോബിന്‍ കുറച്ചൊക്കെ ചൈനീസ് പേശാന്‍് തുടങ്ങി. അതും വച്ചു അളിയന്‍ചൈനീസ് തരുണീ മണികളുടെ മുന്‍പില്‍ ഹീറോ ആയി. ഇതു കണ്ടാല്‍ നമ്മുക്ക് സഹിക്കുമോ. ഞാനും തുടങ്ങിചൈനീസ് പഠിത്തം. അങ്ങനെ ഒരു ദിവസം ഓഫീസ്-ഇല്‍ കുറച്ചു ചൈനീസ് ഒക്കെ മുക്കിയും മൂളിയുമൊക്കെപറഞ്ഞു. ( ഒത്തിരി പറഞ്ഞു
എന്ന് തെറ്റിധരിക്കേണ്ട. ഒരു ശീഷേയും ( താങ്ക്സ്) കൂടെ ഒന്നു രണ്ടുസാധനങ്ങളും ..അത്ര മാത്രം). അന്ന് പറഞ്ഞതെല്ലാം കൂടെയുള്ള ചൈനാക്കാര്കു മനസ്സിലായി ( സാധാരണഎന്തേലും പറഞ്ഞാല്‍ അവര്‍ അന്തം വിട്ടു നോക്കി നില്കുമായിരിന്നു, അന്ന് അവര്‍ എന്തെക്കെയോ തിരിച്ചുപറഞ്ഞു ).
ഒരു ധൈര്യം വച്ചു
അന്ന് വാങ്ങേണ്ട പഞ്ചസാരയുടെ ചൈനീസ് നാമം മനസ്സിലാക്കി ( tang - ഒരു സ്റ്റീല്‍പാത്രത്തേല്‍ ഒരു സ്പൂണ്‍ കൊണ്ടു അടിച്ചാല്‍ വരുന്ന ശബ്ദം ഇല്ലേ? അത് തന്നെ സാധനം. ). ഇതു മനസ്സില്‍ പലപ്രാവശ്യം പറഞ്ഞു നോക്കി കൊണ്ടു കടയിലേക്ക് വിട്ടു. അവിടെ ചെന്നു കടക്കാരിയോടു ചൈനീസില്‍മൊഴിഞ്ഞു. സാധാരണ എന്തേലും പറഞ്ഞാല്‍ ഇങ്ങോട്ട് രണ്ടു മൂന്നു ചോദ്യമാണ് പുള്ളിക്കാരി തരാരുള്ളത് . പക്ഷെ അന്ന് പുള്ളിക്കാരി നല്ല സന്തോഷത്തോടെ സാധനം എടുക്കാനായി അകത്തേക്ക് പോയി. അപ്പോള്‍എനിക്കുണ്ടായ ഒരു സന്തോഷമേ.
"ചൈനീസ് വരെ നമ്മുടെ മുമ്പില്‍ അടിയറ പറഞ്ഞു. എന്റെ ഒരു കാര്യമേ ".
എന്നിങ്ങനെ മനസ്സില്‍ പറഞ്ഞു സന്തോഷിച്ചു നിന്ന എന്റെ മുമ്പിലേക്ക് പുള്ളിക്കാരി കൊണ്ടു വന്നു തന്നസാധനം കണ്ടിട്ട് എന്‍റെ തല ചെറുതായി ഒന്നു കറങ്ങി .
ഒരു ബള്‍ബ് ആയിരിന്നു ‌പുള്ളിക്കാരിയുടെ കയ്യില്‍ ഉണ്ടായിരിന്നത് !!!!!!!!!!. അതോടു കൂടെ പുളിക്കുന്ന മുന്തിരിയിലെ കഥാ നായകനായ പഴയ കുറക്കനെ മനസ്സില്‍ ധ്യാനിച്ച് എന്റെ ചൈനീസ് പഠനം ഐശ്വര്യമായി ഞാനങ്ങവസാനിപ്പിച്ചു . കൂടുതല്‍ മലയാളവും കുറച്ചുഇംഗ്ലീഷ്-ഉമായി യാത്ര ഇപ്പോഴും തുടരുന്നു.

2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

സെക്ഷന്‍ 377 IPC - ഒരു ഓര്‍മ്മക്കുറിപ്പ്‌

ഒരു onsite കാലം . സാധാരണ ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീറിന്ടെ onsite എന്നൊക്കെ പറഞ്ഞാല്‍ സാധാരണ നമ്മുടെമനസ്സിലേക്ക് ഓടി വരുന്നതു അമേരിക്കയോ യൂറോപ്പോ ഒക്കെ ആയിരിക്കും. എന്നാല്‍ ഇതു സ്ഥലം അതൊന്നും അല്ല. നമ്മുടെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് സമത്വ സുന്ദര ചൈനയുടെ തലസ്ഥാനം Beijing. മലയാളം മീഡിയത്തില്‍ പഠിച്ചഇംഗ്ലീഷ് മാത്രം കൈ മുതലായി ഉള്ളവര്ക് ഇതില്‍ പരം എന്തു onsite .
ഈനാപീചിക്ക് മരപ്പട്ടി കൂട്ട് എന്നപോലെ നോബിനും കൂടെ. ഇനി നോബിനെ അറിയാതവര്‍കായി. എന്‍റെ അതെബാക്ഗ്രൌണ്ടില്‍ നിന്നു വന്ന കക്ഷി. സാധാരണ മലയോര
കര്‍ഷക കുടുംബത്തില്‍ ജനിച്ച, തരികിടള്‍ക്കൊന്നും ഒരുകുറവും ഇല്ലാഞ്ഞിട്ടു പോലും , ദൈവത്തിന്റെ കൃപയും വീട്ടുകാരുടെ പ്രാര്‍ത്ഥനയും കൊണ്ടു സോഫ്റ്റ്‌വെയര്‍എഞ്ചിനീയര്‍ ആയ രണ്ടു ആള്‍കാര്‍. നാലു കാശുണ്ടാക്കി നാട്ടില്‍ ചെന്ന് ചെയ്യേണ്ട കാര്യങ്ങളൊക്കെ
പറഞ്ഞും, പഴയ തരികിടളൊക്കെ അയവിറക്കിയും സുഖമായി ജീവിതം മുന്നോണ്ട് കൊണ്ടു പോകുന്ന സമയം.
കാര്യം ചൈനക്കാരുടെ മൂക്ക് ചെറുതാണെങ്കിലും ഞങ്ങളുമായി പല കാര്യത്തിലും സാമ്യം ഉണ്ടായിരിന്നു. പ്രത്യേകിച്ചുംഇംഗ്ലീഷിന്റെ കാര്യത്തില്‍. എന്നാല്‍ ചൈനക്കാരുടെ വിചാരത്തില്‍ ഞങ്ങള്‍ ജോര്‍ജ് ബുഷും ടോണി ബ്ലയറും ആയിരിന്നു. ശരിക്കും മൂക്കില്ല രാജ്യത്തെ മുറിമൂക്കന്‍ രാജാക്കന്മാര്‍.
പറഞ്ഞു പറഞ്ഞു കാടു കയറി, അപ്പോള്‍ ഇനി സെക്ഷന്‍ 377 ipc ലേക്ക്.
എല്ലാ ദിവസവും ഉച്ചക്ക് ഞങ്ങള്‍ ഊണ് കഴിക്കാന്‍ പോവുമ്പോള്‍ സമയം ഒന്നു ഒന്നര ആകും. നോബിനാണെങ്കില്‍ സമയം ആകുമ്പോഴേക്കും പണി ചെയ്യാനുള്ള ആഗ്രഹം അതിന്റെ ഉച്ചകോടിയില്‍ നില്‍ക്കുകയാകും . അവന്റെ സീറ്റില്‍ചെന്നു കുറച്ചു മസ്സില്‍ പിടിച്ചാലേ ഒന്നര ആകുമ്പോള്‍ എങ്കിലും പോവാന്‍ പറ്റുള്ളൂ. എല്ലാ ദിവസവും ഒരു മണിആകുമ്പോള്‍ തന്നെ അവന്റെ സീറ്റില്‍ ഞാന്‍ ഹാജര്‍ ആകും.
അങ്ങനെ ഒരു ദിവസം അവന്റെ സീറ്റില്‍ എത്തിയ എന്നേം അവന്‍ വഴി തെറ്റിച്ചു. OSPF എന്തോ ഒരു ഇഷ്യൂ ഞാനുംകൂടെ debug ചെയ്യാന്‍ തുടങ്ങി. അവിടെ വേറെ സീറ്റുകള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് ഒരു സീറ്റില്‍ ഇരുന്നാണ് ഡീബഗ്ഗിങ്ങ്.
കുറച്ചു കഴിഞ്ഞപ്പോള്‍ അത് വഴി പോയ ചൈനക്കാരികള്‍ ഞങ്ങളെ നോക്കി ചിരിക്കുന്നതും കമന്റ്സ് അടിക്കുന്നതും ഒക്കെ കണ്ടു. ഇതു കണ്ട നോബിന്റെ വക കമന്റ്‌ " അളിയാ നമ്മുടെ ഗ്ലാമറില്‍ ചൈനക്കാരികള്‍ എല്ലാം വീണു എന്നാ തോന്നുന്നേ"
ഞാനും ഒട്ടും വിട്ടു കൊടുത്തില്ല.
" ശരിയാ, നാട്ടിലെ പെന്പിള്ളര്‍ക്കൊക്കെ എന്ത് ജാടയായിരിന്നു. നമ്മുടെ ഓരോ ടൈം"
വീണ്ടും ഞങ്ങള്‍ തകൃതിയായി ഡീബഗ്ഗിങ്ങ് മുന്‍പോട്ടു കൊണ്ടു പോയി.
കുറച്ചു കഴിഞ്ഞപ്പോള്‍ ചൈനക്കാരന്‍ പയ്യന്മാരും ഞങ്ങളെ നോക്കാന്‍ തുടങ്ങി. ഒരു സംശയത്തോടെ നോബിന്‍ആശ്വസിച്ചു.
" ഇവന്മാര്‍ക്കൊക്കെ അസൂയ ആയി എന്നാ തോന്നുന്നേ"
എന്റെയും ചിന്ത കാട് കയറി
" അതോ ഇവന്മാര്‍ മറ്റേ കക്ഷികള്‍ ആണോ?.. നമ്മുടെ തിം തരികട തോം പാര്‍ട്ടികള്‍ "
എന്തായാലും ഞങ്ങളുടെ ഓരോരോ ഭാഗ്യങ്ങളും ആലോചിച്ചു debugging മുന്‍പോട്ടു പോയി. അപ്പോഴാണ് നോബിന്റെടീമിലെ ക്വാളിറ്റി കന്റ്ട്രോലര്‍് പെന്കൊച്ചു വഴി വന്നത്.
വല്ലാത്ത ഒരു നോട്ടം നോക്കിയിട്ട് അടുത്ത് വന്നു പറഞ്ഞു. പറഞ്ഞതു ചിന്ഗ്ലീഷില്‍ ആണ്
" നിങ്ങളിങ്ങനെ ഇരിക്കുന്നത് കണ്ടാല്‍ യുവ മിധുനങ്ങള്‍ ഇരിക്കുന്ന പോലെ തോന്നും "
ഞങ്ങളുടെ വിചാരങ്ങളും സ്വപ്നങ്ങളും ഒരു നീര്‍കുമിള പോലെ ഒരു നിമിഷം കൊണ്ടു പൊട്ടിത്തെറിക്കുന്നത് ഞങ്ങള്‍ അറിഞ്ഞു .
നിരാശനായ നോബിന്റെ വക കമന്റ്‌
" അല്ലേലും ഈ ചൈനകാര്‍ക്കൊകെ ഒരു വിവരവും ഇല്ലളിയ"
എന്തായാലും അതില്‍ പിന്നെ പൂവും തേന്‍ ഈച്ചയുമായി നടന്ന ഞങ്ങള്‍ രണ്ടടി ഗാപ്‌ ഇട്ടു നടക്കാന്‍ തുടങ്ങി.

debugging.